ആളൊഴിഞ്ഞൊരു സന്ധ്യയിൽ
അവസാന സങ്കടവും പടിയിറങ്ങിക്കഴിഞ്ഞ് ദൈവങ്ങളിറങ്ങി,
ഡോക്ടറെക്കാണാൻ.
അരണ്ടവെളിച്ചത്തിൽ അശ്ലീല നോട്ടങ്ങളും ആംഗ്യങ്ങളും പിറുപിറുക്കലുകളും.
ദേവതമാർ നടപ്പ് വേഗത്തിലാക്കി.
വളവിനൊരു കാർ വന്നു നിൽക്കുകയും.കൈകളിലൊന്നിലാരോ പിടിക്കുകയും ചെയ്തു.
ബഹളം വെച്ചാണവർ രക്ഷപെട്ടത്.
ഓടി കിതച്ച് അവസാനം ഡോക്ടറുടെ വീട്ടുപടിക്കലെത്തി.
'ദൈവങ്ങളാണ് ,
അസുഖങ്ങൾ കുറച്ചധികമുണ്ട്'
അവർ മുരടനക്കി.
മദ്ധ്യവയസ്കനായ ഡോക്ടർ പരിശോധന തുടങ്ങി.
കോളാമ്പിയിലുള്ള ഭക്തി വിപ്ലവം കേട്ട്
ഒരാളുടെ കേഴ്‌വി ശക്തി ഭാഗീകമായി തകരാറിലായിരുന്നു.
വെടിക്കെട്ടിനു ചെവി വെച്ച് മറ്റൊരാളുടേത് ഏതാണ്ട് പൂർണ്ണമായും.
ചന്ദനത്തിരിയുടെ പുകയിലിരുന്ന് വേറൊരാൾക്ക് ശ്വാസം മുട്ടലും ചുമയും.
മധുരം തിന്ന് പ്രമേഹ രോഗികകളായവരുമുണ്ട്.
പിന്നെ പൊണ്ണത്തടിയും വയറിളക്കവും വേറെ.
പൊള്ളലുകൾ മർമ്മങ്ങളിൽ
പുരോഹിതന്റെ കൈപ്പിഴ
നാണയത്തുട്ടിനു ഏറുകിട്ടി കണ്ണു തകർന്നവരുണ്ട്.
പുഴുത്തു നാറിയൊരു മുറിവുമായി
ഒരു ദൈവം മുന്നോട്ടു വന്നു.
രക്തമൊഴുകാൻ കത്തി വെച്ചത്.
അതൊരു അത്ഭുതമാണത്രെ!
പരിശോധനകളെല്ലാം കഴിഞ്ഞ്
മരുന്നുമായി ദൈവങ്ങൾ
പോകുവാനെഴുന്നേറ്റു.
'പണം..പണം വെച്ചിട്ട് പോകു'
ഡോക്ടർ വിളിച്ചു പറഞ്ഞു.
'ഞങ്ങൾ ദൈവങ്ങളാണു'
'അതിനെന്ത അപ്പോ പൈസ കുറെക്കാണുമല്ലോ'
'ഞങ്ങൾ ബന്ധിതരാണു.കച്ചവട വസ്തുക്കൾ.പണമൊന്നും ഞങ്ങൾ കാണാറില്ല.അവർക്കാണതൊക്കെ.'
'ആ ആഭരണങ്ങളൊക്കെ ഊരി വെക്കു'
'ഇതിനൊക്കെ തിളക്കം മാത്രമെ ഉള്ളു.പൊള്ളയായത്.ശരിക്കുമുള്ളത് നിലവറകളിലും,ചിലരുടെ കീശകളിലുമാണു.'
'പിന്നെ എന്തുണ്ട് നിങ്ങളുടെ കയ്യിൽ?'
'പ്രാർത്ഥനകളും,പ്രതീക്ഷകളും,കണ്ണീരും.ഇതൊക്കെയാണു ഞങ്ങളുടെ സമ്പാദ്യങ്ങൾ.'
'അതങ്ങ് പള്ളീൽ പറഞ്ഞാ മതി'
ദൈവങ്ങൾ പരസ്പരം നോക്കി.
കയ്യിലും കാലിലും മുറിപ്പാടുമായൊരാൾ മുന്നോട്ടു വന്ന് നിഷ്കളങ്കമായി ചോദിച്ചു.
'പള്ളീലെവിടാ പറയേണ്ടത്?'
ഡോക്ടറിന്റെ മുഖം ചുവന്നു.
'നിങ്ങളെന്ത ആളെ കളിയാക്കുകയാണോ?
ആ പട്ടുവസ്ത്രങ്ങൾ അതിവിടെ അഴിച്ചു വെക്കു.'
ദൈവങ്ങൾ പട്ടുവസ്ത്രങ്ങൾ അഴിച്ച് മേശപ്പുറത്ത് വെച്ച് പോകാനായി ഇറങ്ങി.
കണ്ടിരുന്ന ഡോക്ടറെഴുന്നേറ്റ്
നിറഞ്ഞ ശരീരങ്ങൾ കണ്ണുകൊണ്ടുഴിഞ്ഞ് പറഞ്ഞു.
'ഒരു രാത്രി ഇവിടെക്കഴിഞ്ഞിട്ട് പോകാം'
ഇരുട്ടിലൂടെ അർദ്ധനഗ്നരായി ദൈവങ്ങളിറങ്ങിയോടി....

Comments
Post a Comment